ആത്മസംയമയോഗഃ
അഥ ഷഷ്ഠോഽധ്യായഃ
ശ്ലോകം 1
അനാശ്രിതഃ കര്‍മഫലം കാര്യം കര്‍മ കരോതി യഃ
സ സംന്യാസീ ച യോഗീ ച ന നിരഗ്നിര്‍ന ചാക്രിയഃ (1)
വിവർത്തനം
ശ്രീ ഭഗവാന്‍ പറഞ്ഞു: കര്‍മ്മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ കര്‍മ്മം ആരു ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ അഗ്നിഹോത്രാദികളെ ചെയ്യാത്തവനും, കര്‍മ്മത്തെ ഉപേക്ഷിച്ചു സ്വസ്ഥനായിരിക്കുന്നവനുമല്ല.
ശ്ലോകങ്ങൾ 7, 8
ജിതാത്മനഃ പ്രശാന്തസ്യ പരമാത്മാ സമാഹിതഃ
ശീതോഷ്ണസുഖദുഃഖേഷു തഥാ മാനാപമാനയോഃ (7)
ജ്ഞാനവിജ്ഞാനതൃപ്താത്മാ കൂടസ്ഥോ വിജിതേന്ദ്രിയഃ
യുക്ത ഇത്യുച്യതേ യോഗീ സമലോഷ്ടാശ്മകാഞ്ചനഃ (8)
വിവർത്തനം
മനോജയം സിദ്ധിച്ചവനും പ്രശാന്തമായിരിക്കുന്നവനും ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ മാനാപമാന ങ്ങളിലും ഏറ്റവും സമഭാവനയോടുകൂടിയവനും, അദ്ധ്യത്മജ്ഞാനവും ശാസ്ത്രജ്ഞാനവും കൊണ്ടു സംതൃപ്തനും നിര്‍വികാരനും ഇന്ദ്രിയജയം നേടിയവനും മണ്‍കട്ട, കല്ല്, പൊന്ന് ഇവ തുല്യമായി ഗണിക്കുന്നവനുമായ യോഗി യോഗയുക്തന്‍ എന്ന് പറയപ്പെടുന്നു.
ശ്ലോകങ്ങൾ 11, 12
ശുചൌ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മനഃ
നാത്യുച്ഛ്രിതം നാതിനീചം ചൈലാജിനകുശോത്തരം (11)
തത്രൈകാഗ്രം മനഃ കൃത്വാ യതചിത്തേന്ദ്രിയക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ (12)
വിവർത്തനം
ശുചിത്വമുള്ളിടത്ത് അധികം ഉയര്‍ച്ചയോ അധികം താഴ്ച്ചയോ ഇല്ലാത്തതും ദര്‍ഭപ്പുല്ല്, കൃഷ്ണമൃഗത്തിന്റെ തോല്‍ ഇവ മേല്‍ക്കുമേല്‍ വിരിച്ചതുമായ തന്റെ ഇരിപ്പിടം സ്ഥിരമാക്കി അതിലിരുന്ന് മനസ്സ് എകാഗ്രമാക്കി മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കുവേണ്ടി യോഗം അഭ്യസിക്കണം.
ശ്ലോകങ്ങൾ 13, 14
സമം കായശിരോഗ്രീവം ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയന്‍ (13)
പ്രശാന്താത്മാ വിഗതഭീര്‍ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പരഃ (14)
വിവർത്തനം
ശരീരം, കഴുത്ത്, തല ഇവ ഋജുവാക്കി ഇളകാതെ വച്ച് സ്ഥിരമായി തന്റെ നാസികാഗ്രത്തില്‍ ദൃഷ്ടിയൂന്നി ദിക്കുകളിലേക്ക് നോക്കാതെ മനഃശാന്തിയോടെ നിര്‍ഭയനായി ദൃഢമായ ബ്രഹ്മചര്യത്തോടു കൂടിയവനായി മനസിനെ നിയന്ത്രിച്ച് എന്നില്‍തന്നെ ഉറപ്പിച്ച് എന്നെ മാത്രം ചിന്തിക്കുന്നവനായി യോഗയുക്തനായി സ്ഥിതിചെയ്യണം.
ശ്ലോകം 17
യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കര്‍മസു
യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ (17)
വിവർത്തനം
വേണ്ടയളവില്‍ മിതമായി ആഹാരവും വിഹാരവും നിര്‍വഹിക്കുന്നവനും പ്രവൃത്തികളില്‍ സമചിത്തതയോടെ വ്യാപരിക്കുന്നവനും ഉറക്കവും ഉണര്‍ന്നിരിക്കലും ഉചിതമായ അളവില്‍ നിര്‍വഹിക്കുന്നവനുമായ യോഗിയ്ക്ക് യോഗം ദുഃഖനാശകമായിത്തീരുന്നു.
ശ്ലോകങ്ങൾ 20, 21, 22, 23
യത്രോപരമതേ ചിത്തം നിരുദ്ധം യോഗസേവയാ
യത്ര ചൈവാത്മനാത്മാനം പശ്യന്നാത്മനി തുഷ്യതി (20)
സുഖമാത്യന്തികം യത്തദ് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
വേത്തി യത്ര ന ചൈവായം സ്ഥിതശ്ചലതി തത്ത്വതഃ (21)
യം ലബ്ധ്വാ ചാപരം ലാഭം മന്യതേ നാധികം തതഃ
യസ്മിന്‍സ്ഥിതോ ന ദുഃഖേന ഗുരുണാപി വിചാല്യതേ (22)
തം വിദ്യാദ് ദുഃഖസംയോഗവിയോഗം യോഗസംജ്ഞിതം
സ നിശ്ചയേന യോക്തവ്യോ യോഗോഽനിര്‍വ്വിണ്ണചേതസാ (23)
വിവർത്തനം
ഏതവസ്ഥയില്‍ നിയന്ത്രിതമായ മനസ്സ് യോഗപരിശീലനത്താല്‍ സന്തുഷ്ടമായിരിക്കുന്നുവോ, ഏതവസ്ഥയില്‍ ആത്മാവിനെ ആത്മാവില്‍ ആത്മാവുകൊണ്ടു ദര്‍ശിച്ച് സന്തോഷം കൈകൊള്ളുന്നുവോ, ഏതവസ്ഥയില്‍ ബുദ്ധിഗ്രാഹ്യവും ഇന്ദ്രിയാതീതവുമായ ആത്യന്തിക സുഖത്തെ അറിയുന്നുവോ, ഏതവസ്ഥയില്‍ സ്ഥിതിചെയ്യുമ്പോള്‍ അവന്‍ സത്യദര്‍ശനത്തില്‍ നിന്നും വിചലിക്കുന്നില്ലയോ, ഏതൊന്ന് ലഭിച്ചിട്ട് മറ്റോരുലാഭത്തെ അതില്‍ കവിഞ്ഞതായി ഗണിക്കുന്നില്ലയോ, എതോരവസ്ഥയില്‍ സ്ഥിതനായാല്‍ വലിയ ദുഃഖത്താല്‍ പോലും ക്ഷോഭമേല്‍ക്കുന്നി ല്ലയോ അതാണ് ദുഃഖസ്പര്‍ശമില്ലാത്ത യോഗമെന്ന് അറിയണം. തളരാത്ത മനസ്സോടെ സ്ഥിരനിശ്ചയത്തോടുകൂടി ആ യോഗം അഭ്യസിക്കണം.
ശ്ലോകങ്ങൾ 24, 25
സങ്കല്പപ്രഭവാന്‍കാമാംസ്ത്യക്ത്വാ സര്‍വ്വാനശേഷതഃ
മനസൈവേന്ദ്രിയഗ്രാമം വിനിയമ്യ സമന്തതഃ (24)
ശനൈഃ ശനൈരുപരമേദ് ബുദ്ധ്യാ ധൃതിഗൃഹീതയാ
ആത്മസംസ്ഥം മനഃ കൃത്വാ ന കിഞ്ചിദപി ചിന്തയേത് (25)
വിവർത്തനം
സങ്കല്പജനിതങ്ങളായ എല്ലാ കാമങ്ങളും പൂര്‍ണമായി ത്യജിച്ച് മനസ്സുകൊണ്ട് തന്നെ ഇന്ദ്രിയങ്ങളെ എല്ലായിടത്തുനിന്നും നിയന്ത്രിച്ച് ഒതുക്കി ക്രമേണ ധൈര്യം തികഞ്ഞ ബുദ്ധിയോടുകൂടി വര്‍ത്തിക്കണം. മനസ്സ് ആത്മാവിലുറപ്പിച്ച് മറ്റൊന്നും ചിന്തിക്കാതെയിരിക്കണം.
ശ്ലോകം 33
യോഽയം യോഗസ്ത്വയാ പ്രോക്തഃ സാമ്യേന മധുസൂദന
ഏതസ്യാഹം ന പശ്യാമി ചഞ്ചലത്വാത്സ്ഥിതിം സ്ഥിരാം (33)
വിവർത്തനം
അര്‍ജുനന്‍ പറഞ്ഞു: ഹേ മധുസൂദനാ, സമചിത്തതാ ലക്ഷണമായി ഏതൊരു യോഗമാണോ അങ്ങ് പറഞ്ഞത്, എന്റെ മനസിന്റെ ചാഞ്ചല്യം നിമിത്തം അതിനു സുസ്ഥിരമായ നിലനില്‍പ്പ് ഞാന്‍ കാണുന്നില്ല.
ശ്ലോകം 35
അസംശയം മഹാബാഹോ മനോ ദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൌന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ (35)
വിവർത്തനം
ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ മഹാബാഹോ, നിസംശയമായും മനസ്സ് നിയന്ത്രിക്കാന്‍ വിഷമമുള്ളതും ചഞ്ചലവുമാണ്. എന്നാല്‍ കുന്തീപുത്രാ, അഭ്യാസം കൊണ്ടും, വൈരാഗ്യം കൊണ്ടും അത് നിയന്ത്രണവിധേയമാക്കപ്പെടുന്നു.
ശ്ലോകം 36
അസംയതാത്മനാ യോഗോ ദുഷ്പ്രാപ ഇതി മേ മതിഃ
വശ്യാത്മനാ തു യതതാ ശക്യോഽവാപ്തുമുപായതഃ (36)
വിവർത്തനം
വൈരാഗ്യം കൊണ്ടു മനസ്സിനെ നിയന്ത്രിക്കാനാവാത്തവനു യോഗസിദ്ധി ലഭിക്കാന്‍ വിഷമമാണ് എന്നാണു എന്റെ അഭിപ്രായം. എന്നാല്‍ നിയന്ത്രിതചിത്തനു ശരിയായ ഉപായമനുസരിച്ച് യത്നിച്ചാല്‍ യോഗപ്രാപ്തി സാധ്യവുമാണ്.
ശ്ലോകം 44
പൂര്‍വ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോഽപി സഃ
ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവര്‍തതേ (44)
വിവർത്തനം
മുജ്ജന്മത്തിലെ ആ അഭ്യാസം കൊണ്ടുമാത്രം താന്‍ അറിയാതെയാണെങ്കിലും അവന്‍ യോഗസാധനയിലേക്ക് നയിക്കപ്പെടുന്നു. യോഗരഹസ്യമറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും ശബ്ദബ്രഹ്മത്തെ (വൈദികകര്‍മ്മാനുഷ്ഠാനങ്ങളെ) അതിക്രമി ക്കുന്നുണ്ട്.
ശ്ലോകം 46
തപസ്വിഭ്യോഽധികോ യോഗീ ജ്ഞാനിഭ്യോഽപി മതോഽധികഃ
കര്‍മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാര്‍ജുന (46)
വിവർത്തനം
കര്‍മ്മയോഗി തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ്. അയാള്‍ ജ്ഞാനികളേക്കാളും ശ്രേഷ്ഠനാണെന്നാണ് എന്റെ പക്ഷം. യോഗി കാമ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരേക്കാളും ശ്രേഷ്ഠനാണ്. അതുകൊണ്ട് അര്‍ജുനാ, നീ യോഗിയായിത്തീരുക.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.